പുൽപ്പള്ളി: മേഖലയിലെ പ്രധാന ജലസ്രോതസായ കബനി നദിയിൽ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കയ്ക്കിടയാക്കുന്നു.
ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വൻതോതിൽ കുറഞ്ഞത്. കർണാടകയിൽ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം എടുത്ത് തുടങ്ങിയതാണ് കാരണം. വയനാട്ടിൽ കാലവർഷത്തിൽ മഴ കുറഞ്ഞതും ബീച്ചനഹള്ളി ഡാമിൽ നിന്നും വെള്ളം തുറന്നുകൊടുത്തതോടെ പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയാണ്.
മഴ മാറിയാൽ കബനി നദിയിൽ നീരൊഴുക്ക് കുറയുന്നത് ജലക്ഷാമത്തിനിടയാക്കുമെന്നും ഈ അവസ്ഥ തുടർന്നാൽ താമസിയാതെ കബനി കുടിവെള്ള പദ്ധതിക്ക് ദോഷകരമാകുമെന്ന ആശങ്കയിലാണ് മലയോരമേഖലയിലെ ജനങ്ങൾ.
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് ജലവിതരണത്തിനായി 60 ലക്ഷത്തോളം ലിറ്റർ ജലമാണ് എടുക്കുന്നത്. രണ്ട് പഞ്ചായത്തുകളിലുമായി 10,000 കണക്ഷനുകളുണ്ട്. ജൽജീവൻ മിഷൻ പദ്ധതിയിൽ മുള്ളൻകൊല്ലിയിൽ അടുത്തിടെ 1500 കണക്ഷൻ നൽകിയിരുന്നു. പുൽപ്പള്ളിയിൽ ആയിരത്തിലധികം കണക്ഷൻ നൽകാനുമുണ്ട്. വേനൽ കനത്തതോടെ വെള്ളത്തിനു ചെലവേറി. ഗാർഹിക കണക്ഷനുള്ളവർ അത്യാവശ്യം പച്ചക്കറി നനയ്ക്കാൻ ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. സ്വന്തമായി കിണറുള്ളവരും വേനലിൽ കിണറുകൾ വറ്റുന്നതിനാൽ ജലകണക്ഷനെടുത്തിട്ടുണ്ട്.
വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ കബനി നദിയിൽ ജലനിരപ്പ് കുത്തനെ താഴാനിടയാകുമെന്നാണ് കർഷകർ പറയുന്നത്.
പ്രദേശത്തെ കാർഷിക മേഖലയും വരൾച്ചയുടെ പിടിയിലാണ്. നിരവധി കർഷകരുടെ നെല്ല്, ഇഞ്ചി, കുരുമുളക് ഉൾപ്പടെയുള്ള കൃഷികൾ വരൾച്ചാഭീഷണിയിലാണ്. പലരും ഇപ്പോൾത്തന്നെ സ്വന്തംനിലയിൽ ജലസേചനം ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ കാലവർഷം 50 ശതമാനത്തിലേറെ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിൽ മഴയുടെ ശതമാനം ഇതിലും താഴെയായിരുന്നു.